2009, ഡിസംബർ 26, ശനിയാഴ്‌ച

ഒരു പാതിരാ കൊലപാതകത്തിന്റെ കഥ


സാധാരണ സിനിമയുടെ ചിട്ടവട്ടങ്ങളില്‍ നിന്നും വ്യതിചലിച്ച്‌ ചെയ്യുന്ന കുറ്റാന്വേഷണ ചിത്രങ്ങള്‍ മലയാളികള്‍ പലപ്പോഴും ഹൃദയത്തിലേറ്റിയിട്ടുണ്ട്‌. കെ ജി ജോര്‍ജിന്റെ യവനികയും പത്മരാജന്‍-ജോഷി കൂട്ടുകെട്ടില്‍ വിടര്‍ന്ന ഈ തണുത്ത വെളുപ്പാന്‍കാലത്തുമെല്ലാം ഇതിനുദാഹരണങ്ങളാണ്‌. രജ്ഞിത്ത്‌ സംവിധാനം ചെയ്‌ത പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയും `ഈ വ്യത്യസ്‌ത അനുഭവം` പ്രേക്ഷകന്‌ നല്‍കുന്നുണ്ട്‌. ഹരിദാസ്‌ എന്ന കുറ്റാന്വേഷകന്‍, ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ താന്‍ ജനിച്ചുവീണ ദിവസം നടന്ന ഒരു കൊലപാതകത്തെക്കുറിച്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷം നടത്തുന്ന അന്വേഷണമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

പാലേരിയെന്ന ഗ്രാമത്തില്‍ വിവാഹിതയായെത്തുന്ന മാണിക്യം 11 ദിവസത്തെ ദാമ്പത്യജീവിതത്തിനുശേഷമാണ്‌ കൊലചെയ്യപ്പെടുന്നത്‌. ഒരിക്കല്‍ തെളിവുകളില്ലാതെ `ക്ലോസ്‌' ചെയ്യപ്പെട്ട ആ കേസ്‌ ഹരിദാസ്‌ വീണ്ടും അന്വേഷിക്കുകയാണ്‌. പഴയ അന്വേഷണവഴികളിലൂടെ ഹരിദാസ്‌ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്റെ ആദ്യ പകുതിയില്‍. തുടര്‍ന്ന്‌ ജന്മിയും സ്‌ത്രീലമ്പടനുമായ അഹമ്മദ്‌ ഹാജിയെ ചുറ്റിപ്പറ്റിയുള്ള ഹരിദാസിന്റെ അന്വേഷണവും. ഹരിദാസിനെയും അഹമ്മദ്‌ ഹാജിയെയും അവതരിപ്പിക്കുന്ന `മമ്മൂട്ടി'യൂടെ ക്ലൈമാക്‌സിലെ മൂന്നാമതൊരു `അവതാര'ത്തോടെ ചിത്രം പൂര്‍ത്തിയാകുന്നു.

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ഖണ്ഡശയായി വന്ന ടി.പി.രാജീവന്‍ എഴുതിയ നോവലില്‍ നിന്നാണ്‌ `കൊലപാതക കഥ' ഉയര്‍ന്നുവന്നത്‌. കയ്യൊപ്പ്‌, തിരക്കഥ, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെ `പരീക്ഷണ' സംവിധായകനായി മാറിയ രജ്ഞിത്തിന്റെ `ലാബി'ലൂടെയാണ്‌ `പാലേരിമാണിക്യം' വെള്ളിത്തിരയിലെത്തിയത്‌. ചിത്രത്തിലെ `കൊലപാതകകഥ'യില്‍ പതിവ്‌ സിനിമാ മുഖങ്ങളെ കൊണ്ടുവരാതിരിക്കാന്‍ നടത്തിയ ശ്രമമുള്‍പ്പെടെ അദ്ദേഹത്തിന്‌ അഭിമാനിക്കാവുന്ന പലതുമുണ്ട്‌. ഇതിനായി സ്ഥിരം മിമിക്രിവേദിയിലെ `റിക്രൂട്ട്‌മെന്റി'ല്‍ നിന്നും വ്യതിചലിച്ച്‌ നാടകകലാകാരന്‍മാരില്‍ നിന്ന്‌ തന്റെ കഥാപാത്രങ്ങള്‍ക്കനുയോജ്യമായവരെ കണ്ടെത്തുന്നതിലും അദ്ദേഹം വിജയിച്ചു. പക്ഷേ ഹരിദാസിനോടൊപ്പം അന്വേഷണ ത്വരയോടെ നടക്കുന്ന സരയുവിനെപോലെ അനാവശ്യമായ പല കഥാപാത്രങ്ങളെയും ഒഴിവാക്കുകയോ `വെട്ടിച്ചുരുക്കുക'യോ ചെയ്യാമായിരുന്നു.

കുറ്റാന്വേഷകനായ ഹരിദാസും ഭൂവുടമയായ അഹമ്മദ്‌ ഹാജിയുമുള്‍പ്പെടെ മൂന്നുരൂപങ്ങളിലാണ്‌ മമ്മൂട്ടിയെത്തുന്നത്‌. മമ്മൂട്ടിയുടെ എക്കാലത്തെയും നല്ല `വിടന്‍' വേഷമായ `ഭാസ്‌കര പട്ടേലരി'നൊപ്പമെത്തില്ലെങ്കിലും അഹമ്മദ്‌ ഹാജി തന്നെയാണ്‌ ചിത്രത്തിലെ `താരം'.

പെണ്‍വേഷങ്ങളില്‍ മാണിക്യമായി വന്ന മൈഥിലിക്കും സരയുവായി വന്ന ഗൗരിക്കും വളരെ മുകളിലായിരുന്നു ചീരുവായി അഭിനയിച്ച ശ്വേതാമേനോന്‍. ചീരുവിന്റെ യൗവ്വനവും സൗന്ദര്യവും വാര്‍ദ്ധക്യവും ദാരിദ്ര്യവും എല്ലാം അതുപോലെ പകര്‍ത്തിനല്‍കാന്‍ ശ്വേതയ്‌ക്ക്‌ കഴിഞ്ഞു.

മലയാള സിനിമാവേദിയിലെ സ്ഥിരം മുഖങ്ങളില്‍ കുറച്ചുപേര്‍ മാത്രമേ പാലേരി മാണിക്യത്തിലുള്ളു. സഖാവ്‌ കേശവനെ അവതരിപ്പിച്ച ശ്രീനിവാസനെയും വീട്ടുടമസ്ഥനെ അവതരിപ്പിച്ച സിദ്ദിഖിനെയും പോലെ വളരെ കുറച്ചുപേര്‍. തിരക്കഥാകൃത്ത്‌ ടി ദാമോദരനുമുണ്ട്‌ ഒരു സഖാവിന്റെ വേഷത്തില്‍. നാടകവേദിയില്‍ നിന്ന്‌ കണ്ടെത്തിയ ശ്രീജിത്ത്‌ കൈവേലി (പൊക്കന്‍), ശശി കലിംഗ, ജയപ്രകാശ്‌ കുളൂര്‍ തുടങ്ങി നിരവധിപേര്‍ `കൊലപാതക കഥ'യിലൂടെ വെള്ളിത്തിരയിലെത്തി. ഇവരില്‍ പലരും വെള്ളിത്തിരയിലെ സ്ഥിരം വേഷക്കാരാവുന്നതിന്‌ യോഗ്യരാണെന്ന്‌ ആദ്യാനുഭവം കൊണ്ടുതന്നെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട്‌. പാലേരി മാണിക്യത്തെ ദൃശ്യാനുഭവമാക്കിയതില്‍ ക്യാമറാമാന്‍ മനോജ്‌ പിള്ളയും കലാസംവിധായകന്‍ മുരുകന്‍ കാട്ടാക്കടയും രജ്ഞിത്തിനൊപ്പമുണ്ടായിരുന്നു.

ഫ്‌ളാഷ്‌ ബാക്കിലൂടെയും ചരിത്രത്തിലൂടെയും വര്‍ഷങ്ങള്‍ക്ക്‌ പിന്നിലേക്ക്‌ പ്രേക്ഷകനെ കൊണ്ടുപോകുന്ന ചില സിനിമകള്‍ മലയാളത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ കൊലപാതകവും പഴശ്ശിരാജയും നീലത്താമരയും ഒരു പരിധിവരെ സ്വലേയും തിരക്കഥയുമൊക്കെ ഇങ്ങനെ ഫ്‌ളാഷ്‌ ബാക്കിലൂടെ കഥ പറയുന്ന ചിത്രങ്ങളാണ്‌. മലയാളിയുടെ `നൊസ്റ്റാള്‍ജിയ' മുതലാക്കുക മാത്രമാണ്‌ ഇത്തരം ചിത്രങ്ങളുടെ ശില്‍പികളുടെ ലക്ഷ്യം. ഇവരിലൂടെ ഭരതന്റെയും പത്മരാജന്റെയും തിരിച്ചുവരവ്‌ സ്വപ്‌നം കാണുന്നവരുമുണ്ട്‌. മേല്‍മുണ്ടില്ലാത്ത കുറേ `പെണ്‍ശില്‍പ'ങ്ങളെ കാണാമെന്നല്ലാതെ മലയാള സിനിമയുടെ വളര്‍ച്ചയ്‌ക്ക്‌ ഇത്തരം ചിത്രങ്ങള്‍ നല്‍കുന്നതെന്താണ്‌. ഈ അഭിവ ഭരത-പത്മരാജന്‍മാര്‍ അത്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.