2010, ജനുവരി 9, ശനിയാഴ്‌ച

ഇവിടം സ്വര്‍ഗമാണ്‌.

സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന കര്‍ഷകന്റെ കഥ കേള്‍ക്കുന്ന കേരളത്തില്‍ കൃഷിയിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണ കര്‍ഷകന്റെ ജീവിതവുമായാണ്‌ ഇവിടം സ്വര്‍ഗമാണ്‌ തീയേറ്ററുകളിലെത്തുന്നത്‌. ഉദയനാണ്‌ താരം, നോട്ട്‌ ബുക്ക്‌, എന്നീ ഹിറ്റുകള്‍ക്ക്‌ ശേഷം റോഷന്‍ ആന്‍ഡ്രൂസ്‌ അണിയിച്ചിരൊക്കുന്ന ഈ ചിത്രം കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചാണ്‌ വെള്ളിത്തിരയിലെത്തിയിരിക്കുന്നത്‌. `മോഹന്‍ലാല്‍ - തിലകന്‍ - കവിയൂര്‍പൊന്നമ്മ' മലയാള സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച `കുടുംബാംഗങ്ങള്‍' വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും നല്‍കാന്‍ ഈ ചിത്രത്തിനാകുന്നു.

മാത്യൂസ്‌ എന്ന കര്‍ഷകനെയാണ്‌ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. അച്ഛനായ ജര്‍മിയാസില്‍ നിന്നും ഒരിക്കല്‍ വിട്ടുപോയ കൃഷിഭൂമി സ്വന്തം അധ്വാനത്തിലൂടെ വീണ്ടെടുത്ത്‌ സ്വന്തമായി ഒരു `സാമ്രാജ്യം' തന്നെ സൃഷ്‌ടിച്ച കര്‍ഷകന്‍. ആലുവാ ചാണ്ടി എന്ന വസ്‌തു ഇടപാടുകാരന്റെ കെണിയില്‍ അകപ്പെടുന്നതോടെ മാത്യൂസിന്‌ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളിലേക്കാണ്‌ `ഇവിടം സ്വര്‍ഗമാണ്‌' പോകുന്നത്‌. ഇതിനിടയില്‍ ബെറ്റ്‌സി, മരിയ, സുനിത എന്നീ മൂന്നു സ്‌ത്രീകള്‍ മാത്യൂസിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളില്‍ വന്നു ചേരുന്നുണ്ട്‌.


`മണ്ണിന്റെ മണമുള്ള കഥ' എന്ന പേരില്‍ ഇറങ്ങുന്ന ചില `പൊള്ളാച്ചി' ചിത്രങ്ങളെ വച്ച്‌ നോക്കുമ്പോള്‍ `ഇവിടം സ്വര്‍ഗമാണെ'ന്ന്‌ കേരളത്തിന്റെ മണ്ണില്‍ നിന്ന്‌ പറയാന്‍ റോഷനും ജെയിംസും ശ്രമിച്ചിട്ടുണ്ട്‌. പ്ലസ്‌ ടൂ കഥ പറഞ്ഞ നോട്ടുബുക്കിനും സിനിമ കഥ പറഞ്ഞ ഉദയനാണ്‌ താരത്തില്‍ നിന്നും വ്യത്യസ്‌തമായ ഒരു കര്‍ഷകന്റെ കഥ അവതരിപ്പിക്കുന്നതിലും റോഷന്‍ വിജയിച്ചു. ഭൂമി -ഫ്‌ളാറ്റ്‌ മാഫിയകള്‍ എങ്ങനെയാണ്‌ സാധാരണക്കാരനായ ഒരു വ്യക്തിയെ ബാധിക്കുന്നത്‌, സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്തരം മാഫിയകള്‍ക്കുള്ള സ്വാധീനം എന്നിവ സാധാരണക്കാരന്‌ മനസിലാകുന്ന രീതിയില്‍ കാണിക്കാന്‍ ജയിംസ്‌ ആല്‍ബര്‍ട്ടിന്റെ തിരക്കഥയ്‌ക്ക്‌ കഴിഞ്ഞു.


മാത്യൂസ്‌ `പഴയ' മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നു. അപ്പനു വേണ്ടി, മണ്ണിനു വേണ്ടി ജീവിക്കുന്ന മകന്റെ വേഷം നെഞ്ചില്‍ തട്ടുന്ന വിധം അവതരിപ്പിക്കാന്‍ ലാലിന്‌ കഴിഞ്ഞു. ഒരു കാലത്ത്‌ തോക്കും തംബുരുവും കാലന്‍കുടയും മാറിമാറിയെടുത്തിരുന്ന മോഹന്‍ലാലിന്റെ കയ്യില്‍ വീണ്ടും `കാലന്‍ കുട' പിടിപ്പിക്കപ്പെട്ടതോടെ എല്ലാത്തരം ലാല്‍ ആരാധകരുടെയും ഹൃദയം മാത്യൂസ്‌ കീഴടക്കി.


മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പ്രകടനം ആലുവാചാണ്ടിയായി വന്ന ലാലു അലക്‌സിന്റേതാണ്‌. തരികിടയും ഗുണ്ടായിസവുമായി പലയിടങ്ങളിലും ആലുവാ ചാണ്ടിമാരെ നമുക്ക്‌ കാണാം. അതു തന്നെയാണ്‌ ആലുവാ ചാണ്ടിയെ പ്രേക്ഷകരിലേക്ക വളരെയധികം ആകര്‍ഷിച്ചതും. ജഗതി ശ്രീകുമാറിന്റെ ആധാരമെഴുത്തുകാരന്‍, ഇന്നസെന്റിന്റേതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം സാധാരണ `വില്ലേജ്‌ - താലൂക്ക്‌' ഓഫീസുകള്‍ക്ക്‌ മുന്നില്‍ നാം കാണുന്ന മുഖങ്ങളാണ്‌.


വനിതാ ജേര്‍ണലിസ്റ്റായ ബെറ്റ്‌സി (പ്രിയങ്ക), അഡ്വക്കേറ്റായ സുനിത (ലക്ഷ്‌മി റായ്‌), എസ്‌.എഫ്‌.സി. മാനേജരായ മരിയ (ലക്ഷ്‌മി ഗോപാലസ്വാമി) എന്നിവരാണ്‌ പ്രധാന വനിതാ കഥാപാത്രങ്ങള്‍. അവരവരുടെവേഷങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ മൂവര്‍ക്കും കഴിഞ്ഞു. അല്‍പ്പം നെഗറ്റീവ്‌ ടച്ചുള്ള കഥാപാത്രത്തെ ലക്ഷ്‌മി ഗോപാലസ്വാമി മനോഹരമാക്കി.


അഡ്വക്കേറ്റ്‌ പ്രബലനായെത്തുന്ന ശ്രീനിവാസന്‍ മറ്റു പലചിത്രങ്ങളിലും അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള `ബുദ്ധിമാനായ സുഹൃത്തിന്റെ' ആവര്‍ത്തനമായിപ്പോയി. തിലകന്റെ വേഷവും അതുപോലെ തന്നെ. മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷനില്‍ സാധാരണ ഉണ്ടാകുന്ന `കോമ്പറ്റീഷന്‍' ഈ കഥാപാത്രത്തിന്‌ ഇല്ലാതെപോയി. പാട്ടുകളില്ല എന്നുള്ളതും ഇവിടം സ്വര്‍ഗമാണിന്റെ മറ്റൊരു പ്രത്യേകതയാണ്‌. മൂന്നു നായികമാരുടെ നായകനാക്കി പ്രണയഗാനം പാടിക്കാനുണ്ടായ അവസരം റോഷന്‍ ഒഴിവാക്കി. (നേരത്തെ സത്യന്‍ അന്തിക്കാട്‌ ലാലിനെ ഇന്നത്തെ ചിന്താവിഷയത്തില്‍ മൂന്നു നായികമാരുടെ സ്വപ്‌നനായകനായി ചിത്രീകരിക്കുകയും ചിന്താവിഷയത്തിലെ ചിന്ത ആ ഒരു ഗാനരംഗത്തോടെ തന്നെ തെറ്റിപ്പോവുകയും ചിത്രം തീയറ്ററില്‍ ഫ്‌ളോപ്പാവുകയും ചെയ്‌തു). മുന്‍ചിത്രങ്ങളായ നോട്ട്‌ബുക്ക്‌, ഉദയനാണ്‌ താരം എന്നീ ചിത്രങ്ങളുടെ വിജയത്തെ സംഗീതവും ഗാനചിത്രീകരണ മികവും സ്വാധീനിച്ചിരുന്നിട്ടുകൂടി പുതിയ ചിത്രത്തില്‍ ഇത്തരമൊരു `റിസ്‌ക്‌' എടുത്ത റോഷന്‌ അഭിമാനിക്കാം.


കര്‍ഷര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ഒരു തരത്തിലല്ലെങ്കില്‍ നേരിടുന്ന മറ്റൊരു തരത്തില്‍ ഭൂമാഫിയയുടെ പീഢനങ്ങളെ കുറിച്ച്‌ `പത്രത്തില്‍ വായിച്ചുള്ള' അറിവ്‌ മാത്രമുള്ള സാധാരണക്കാരന്റെ മുന്നിലേക്കാണ്‌ `ഇവിടം സ്വര്‍ഗ'മാണ്‌ എത്തുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: